“നീരാളി” പിടുത്തം മുറുക്കുമോ ? മൂവി റിവ്യൂ വായിക്കാം

മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് നീരാളി. നവാഗതനായ സജി തോമസിന്റേതാണ് തിരക്കഥ.

കൊടും വനത്തിലൂടെ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായി ഒരു കുത്തനെയുള്ള കൊക്കയിൽ നിങ്ങൾ തൂങ്ങിക്കിടക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? അത്തരമൊരു അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് “നീരാളി”.

ജിമോളജിസ്റ്റ് സണ്ണി ജോർജ് തന്റെ ഗർഭിണിയായ ഭാര്യയെ കാണാൻ റോഡ് മാർഗം നടത്തുന്ന ഒരു യാത്രയിലൂടെയാണ് നീരാളി കഥ തുടങ്ങുന്നത്. തന്റെ ഓഫീസിലെ ഡ്രൈവർ വീരപ്പയോടൊപ്പം ഒരു മിനി ട്രക്കിലാണ് സണ്ണി യാത്ര തുടങ്ങിയത്. സണ്ണിയും വീരപ്പയും തോൽപ്പട്ടി വനത്തിലൂടെ യാത്ര തുടരുമ്പോൾ ഒരു അപകടത്തിൽ പെടുകയും ട്രക്ക് ഒരു കൊക്കയിലേക്ക് തൂങ്ങി കിടക്കുകയും ചെയ്യുന്നു. അപകടത്തിൽ നിന്ന് സണ്ണിയും വീരപ്പയും രക്ഷപ്പെടുമോ എന്നുള്ളത് സിനിമ കണ്ടുതന്നെ മനസിലാക്കണം. കൂടാതെ ആ യാത്രയിലെ നിഗൂഢതയും.

ചിത്രത്തിൽ സണ്ണിയായി എത്തുന്നത് മോഹൻലാൽ ആണ്. ഒരു പ്ലെ ബോയ് കഥാപാത്രമാണ് സണ്ണി. സണ്ണിയുടെ ഭാര്യ മോളിക്കുട്ടിയായി നാദിയ മൊയ്തുവും വീരപ്പയെന്ന ഡ്രൈവർ ആയി സുരാജുo വേഷമിട്ടിരിക്കുന്നു. സുരാജിന്റെ അഭിനയം എടുത്തുപറയേണ്ടത് തന്നെയാണ്. കോമഡിയും സെന്റിമെൻസും ഒരേപോലെ കൊണ്ടുപോകാൻ സുരാജിന് സാധിച്ചു. പാർവതി നായർ, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി, സന്ദീപ് നാരായണൻ എന്നിവരാണ് മറ്റു താരങ്ങൾ.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ദക്ഷിണേന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച പാർവതി നായർ ലാലേട്ടനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് നീരാളി.

മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രതീക്ഷകൾക്കൊപ്പം ഉയർന്നോ എന്നുള്ളത് സംശയമാണ്. വിഎഫ്എക്സ് രംഗങ്ങൾ മിതമായിമാത്രമാണ് ചിത്രത്തിലുള്ളത്. ആദ്യപകുതി രണ്ടാംപകുതിയിലേക്കുള്ള പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ഒരു പൂർണതക്കുറവ് അനുഭവപ്പെടുന്നു. രണ്ടാംപകുതിയിൽ ചിത്രം ഒരല്പം ഇഴഞ്ഞു നീങ്ങുന്നു.

മോഹൻലാൽ എന്ന നടന്റെ അഭിനയമികവാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. എന്നാൽ മലയാള സിനിമയ്ക്ക് പരിചയമില്ലാത്ത ആവിഷ്കാര ശൈലിയും വെല്ലുവിളി നിറഞ്ഞ തിരക്കഥയും സിനിമയാക്കിയ സംവിധായകന്റെ മികവ് പറയാതിരിക്കാൻ സാധിക്കില്ല.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് സിനിമയാണ് നീരാളി.  അമിതപ്രതീക്ഷ ഒന്നുമില്ലാതെ ചിത്രം കണ്ടാൽ തീർത്തും നിരാശരാകില്ല.