സുഡാനി ഫ്രം നൈജീരിയ മൂവി റിവ്യൂ

0
468

മലബാറിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ സാഹിര്‍ ആഫ്രിക്കൻ നടൻ സാമുവൽ അബിയോളയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകറിയയുമാണ്.

മലബാറിലെ ഒരു സെവൻസ് ഫുട്ബോൾ ടീമിൽ കളിയ്ക്കാൻ എത്തുന്ന നൈജീരിയൻ യുവാവായ സാമുവലിന്റെയും കേരളത്തിലെ അവന്റെ കെയർ ടേക്കർ ആയ മജീദ് എന്ന മലയാളി യുവാവിന്റെയും സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളുടെയും രസകരമായ ആവിഷ്ക്കാരമാണ് ഈ ചിത്രം.

രസകരമായതും വ്യത്യസ്‍തമായതുമായ ഒരു കഥയെ റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ജീവിതത്തിൽ നിന്നെടുത്ത തമാശകളും ത്രില്ലടിപ്പിക്കുന്ന ഫുട്ബോൾ കളി രംഗങ്ങളും കൊണ്ട് സമൃദ്ധമായ ചിത്രം വളരെ പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം ഒരിടത്തുപോലും ബോറഡിപ്പിക്കുന്നില്ല. ഇടക്ക് നല്ല ചിരിക്കാനുള്ള വകയും ചിത്രം നൽകുന്നുണ്ട്.

സൗബിൻ സാഹിറും  സാമുവൽ അബിയോളയും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. രണ്ടു പേരും മത്സരിച്ചു അഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല. സൗബിൻ സാഹിര്‍ തന്റെ ശൈലിയിൽ വളരെ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ സാമുവൽ എന്ന കഥാപാത്രമായി എത്തിയ അബിയോള നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു. ചിത്രത്തിലെ പുതുമുഖതാരങ്ങളും അവരുടെ പ്രകടനം മികച്ചതാക്കിയിട്ടുണ്ട്.

ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് . റെക്‌സ് വിജയന്റേതാണ് സംഗീതം.

പടം കഴിഞ്ഞിറങ്ങുമ്പോഴും ഓർത്തിരിക്കാൻ പറ്റിയ ഒത്തിരി സീനുകൾ ചിത്രത്തിലുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും.