ലാലേട്ടന്റെ ഒടിയൻ ; റിവ്യൂ വായിക്കാം

മലയാളസിനിമാലോകം ഏറെ നാളായി കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തി. തീയറ്ററുകളിൽ എത്തുന്നതിനുമുൻപ് തന്നെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ഇത് . മോഹൻലാൽ ഒടിയനാവാൻ നടത്തിയ മേക്കോവറാണ് ഇതിലെ ഹൈലൈറ്റ്.  വി എ ശ്രീകുമാർ മേനോൻ  ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ  ഹരികൃഷ്ണൻ ആണ് രചിച്ചിരിക്കുന്നത്.  ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.  

ഒടിയൻ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പണ്ടുകാലത്ത്  കേരളത്തിലെ മലബാർ മേഖലയിൽ നിലനിന്നിരുന്ന ഒടിയൻ എന്ന മിത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിലെ  അവസാനത്തെ ഒടിയൻ ആയ മാണിക്യന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മാണിക്കന്‍എങ്ങനെ ഒടിയൻ ആയി എന്നും എങ്ങനെ അയാൾ അവസാനത്തെ ഒടിയൻ ആയി മാറി എന്നും നമ്മൾ കേട്ട് പഴകിയ ഒടിയൻ കഥകളെ പൊളിച്ചെഴുതി കൊണ്ട് പറഞ്ഞിരിക്കുകയാണ് ശ്രീകുമാറും ഹരികൃഷ്ണനും ചേർന്ന്. അതോടൊപ്പം തന്നെ രാവുണ്ണി, പ്രഭ എന്നിവരുടെയും കൂടി കഥയാണ് ഈ ചിത്രം പറയുന്നത്.

വാരാണസിയിലെ സ്‌നാനഘട്ടില്‍ അപകടത്തിൽപ്പെടുന്ന ഒരു സ്ത്രീയെ സാഹസികമായി രക്ഷിക്കുന്ന രംഗത്തോടെ ആവേശത്തില്‍ തന്നെയാണ് സിനിമ തുടങ്ങുന്നത്. തന്നെ രക്ഷിച്ചത് ഒടിയൻ ആണെന്ന് ആ സ്ത്രീ തിരിച്ചറിയുന്നു.  അവിടെനിന്ന് ഒടിയൻ മാണികന്റെ കഥയിലേക്ക്‌ ചിത്രം നീങ്ങുന്നു.  ചിത്രത്തിന്റെ ആദ്യപകുതി കുഴപ്പമില്ലാതെപോയപ്പോൾ രണ്ടാംപകുതി അല്പം ലാഗ് ആയിതോന്നി.  പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷണരംഗങ്ങളും ചിത്രത്തിലെ ഗാനങ്ങളും മികച്ചതുതന്നെ.  

ഒരു മികച്ച ത്രില്ലറാകാൻ സാധ്യതയുണ്ടായിരുന്ന ചിത്രത്തെ സംവിധാനപോരായ്മ കൊണ്ട് മോശമാക്കി എന്ന് പറയാതിരിക്കാനാവില്ല. മോഹൻലാൽ എന്ന നടനെമാത്രം ബ്രാൻഡ് ചെയ്യാനാണ് സംവിധായകൻ ശ്രമിച്ചത്. 

 ഒടിയനാകാൻ  മോഹൻലാൽ നടത്തിയ ശ്രമമൊന്നും അദ്ദേഹത്തിന് നഷ്ടമായില്ല. ഏത് കഥാപാത്രവും തന്റെ കൈക്കുള്ളിൽ ഒതുങ്ങും എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.  

ശ്രീകുമാർ മേനോൻ എന്ന മികച്ച പരസ്യ സംവിധായകന്റെ ആദ്യ ചിത്രമാണ് ഒടിയൻ എന്നത് കൊണ്ട് തന്നെ, ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെ ആയിരുന്നു.  അതോടൊപ്പം തന്നെ കോടികൾ മുടക്കിയ ആദ്യ സിനിമ സംവിധാനം വിജയം കാണുമോ എന്ന സംശയവും നിലനിന്നിരുന്നു.  ആ സംശയത്തിനുള്ള ഉത്തരമാണ് ഒടിയൻ. പരസ്യം സംവിധാനം ചെയ്ത് വിജയിപ്പിക്കുന്നതുപോലെ അത്ര എളുപ്പമാവില്ല ഒരു സിനിമ വിജയിപ്പിക്കാൻ എന്ന് ശ്രീകുമാർ മേനോൻ മനസിലാക്കിയിട്ടുണ്ടാകും.  

അമിത പ്രതീക്ഷയിൽ ഒടിയൻ കാണാൻ പോയാൽ ഒരുപക്ഷെ നിരാശയാവും ഫലം.  

rating 3 / 5