മായാനദി : റിവ്യൂ

0
406

നമ്മൾ ഒരുപാട് കേട്ടു ശീലിച്ച, തിരശീലയിൽ കണ്ട കഥകളിൽ നിന്നു ഒരെണ്ണം കൂടി. മായാനദിയുടെ കഥ രണ്ട് വരിയിൽ ആർക്കും പറയാൻ കഴിയും. പക്ഷെ സിനിമ കണ്ടു കഴിയുമ്പോൾ സിനിമയോടും ചില കഥാപാത്രങ്ങളോട് ഒരുപാട് ഇഷ്ടം തോന്നും.. അവരുടെ ജീവിതരീതി, സംസാരശൈലി, കാഴ്ചപ്പാടുകൾ, സ്വപ്‌നങ്ങൾ ഇവയൊക്കെ കാണുമ്പോൾ നമ്മുടെ കൂട്ടത്തിലെ, അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആളുകളെ ഓർമ വരും.. അത്രയ്ക്ക് റിയൽ ഫീൽ തരാൻ സിനിമയ്‌ക്കായിട്ടുണ്ട്.

സിനിമയിൽ നായികയും നായകനും ആദ്യമായി ഒരുമിച്ചു ഫ്രെയിമിൽ വരുന്ന രംഗം. അതിൽ നായികയുടെ നടത്തത്തിന്റെ സ്പീഡിലൂടെ മനസ്സ് മാറുന്നത് കാണിച്ച വിധം..പ്ലാസ്റ്റിക് കലർത്താതെയുള്ള നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന ഭാഷ ഇവയൊക്കെ മായാനദിയെ പ്രിയപ്പെട്ടതാക്കാൻ കാരണമാകുന്നുണ്ട്.

ശ്യാം പുഷ്കറിന്റെയും ദിലീഷ് നായർ ന്റേം രചനയിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായനദി.

ഐശ്വര്യാ ലക്ഷ്മിയുടെ അപർണ രവി എന്ന കഥാപത്രം തന്നെയാണ് മുഖ്യ ആകർഷണം. വളരെ മികവുറ്റ രീതിയില്‍ത്തന്നെ ആ കഥാപാത്രത്തെ അവർ അവതരിപ്പിച്ചിരിക്കുന്നത്.  നായികയ്ക്കുള്ള ക്യാരക്ടർ ഡെവലപ്മെന്റ് കൃത്യമായി, വ്യക്തമായി തന്നെ നൽകുന്നുണ്ട്. നായകൻ  നായിക കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം ആയിരുന്നു. ശ്യാം പുഷ്കരനും ദിലീഷ് നായരും നല്ലൊരു കഥാപാത്രത്തെയാണ് സമ്മാനിച്ചിരിക്കുന്നത്.

ടോവിനോ അവതരിപ്പിച്ച മാത്യൂസ് എന്ന മാത്തൻ മികച്ച അഭിനയം കാഴ്ച വെക്കുന്നു.  ടോവിനോ എന്ന നടന്റെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ കൂട്ടത്തിൽ മാത്തനും സ്ഥാനം പിടിക്കും.

ഹരീഷ് ഉത്തമൻ അടക്കമുള്ള തമിഴ് നടന്മാരുടെ പ്രകടനം, അതിഥി താരങ്ങളായി എത്തുന്ന ബേസിൽ, ലിജോ ജോസ്, സൗബിൻ  നായികയുടെ 2 കൂട്ടുകാരികൾ, മാത്തന്റെ ആശാൻ എന്ന് തുടങ്ങി ചെറിയ സീനിൽ വരെ വരുന്നവർ  നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

റെക്സ് വിജയന്റെ ഗാനങ്ങൾ എല്ലാം തന്നെ കഥയോട് ചേർന്ന് നില്ക്കുന്നതാണ്. ത്രില്ലർ മൂഡിലേക്ക് എത്തിക്കുന്ന പശ്ചാത്തല സംഗീതം വളരെ നന്നായിരിക്കുന്നു. കൃത്യമായ വളരെ ആപ്റ്റായ കളർ ടോൺ ആണ് നൽകിയിരിക്കുന്നത്. അവസാനത്തെ മിനുട്ടിൽ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകുന്ന ടെൻഷൻ ഏറെയാണ്. എന്ത് സംഭവിക്കും എന്നറിയാമെങ്കിലും അത്രയും നേരം ടെൻഷൻ അടിപ്പിച്ച ആ സീനുകൾ ഒരുപാടിഷ്ടപ്പെട്ടു.

മരണത്തേക്കാൾ വേദന വിശ്വാസവഞ്ചനയ്ക്ക് നല്കാൻ കഴിയും എന്നൊക്കെയുള്ള ചിന്തിപ്പിക്കുന്ന ചില സ്പാർക്കുകൾ ഡയലോഗുകളിലൂടെ വരുന്നുണ്ട്. സിനിമ കണ്ടിറങ്ങുമ്പോൾ അതിലെ ചില ആശയങ്ങളെ പറ്റി നമ്മൾ ചിന്തിച്ചിരിക്കും. അതാണല്ലോ കഴിവുള്ള ഒരു കൂട്ടം ആളുകൾ ഒത്തുചേർന്ന ഈ സിനിമയുടെ വിജയവും.

മായാനദി നല്ലൊരു അനുഭവമാണ്.