“ഡ്രാമാ” മൂവി റിവ്യൂ

0
1328

രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഡ്രാമാ. ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ വിജയിച്ച ചിത്രങ്ങൾ കുറവാണ്.

ഇനിം ഡ്രാമയിലേക്ക് വന്നാൽ, ലണ്ടലിൽ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചാക്കോ അപ്രതീക്ഷിതമായി മരണമടയുന്നു. റോസമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരിച്ചാൽ മൃതദേഹം നാട്ടിൽ സ്വന്തം ഭർത്താവിന്റെ തൊട്ട അപ്പുറത്തു തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകൻ ലണ്ടനിൽ തന്നെ മതി അടക്കം എന്ന് തീരുമാനിക്കുന്നു. അതിനായി അവർ ഡിക്സൺ ലോപ്പസ് എന്ന ഫ്യൂണറൽ സർവീസിനെ സമീപിക്കുന്നു. പല രാജ്യങ്ങളിൽ ഉള്ള മറ്റു നാലു മക്കൾ വരുന്നത് വരെ റോസമ്മയുടെ ബോഡി സൂക്ഷിക്കാൻ ഒരിടം വേണം. മൂത്തമകൾ ബോഡി മോർച്ചറിയിൽ സൂക്ഷിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തുടർന്ന് ഫ്യൂണറൽ സർവീസ് നടത്തുന്ന കമ്പനി തന്നെ ബോഡി സൂക്ഷിക്കാൻ തയ്യാറാകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തിൽ രാജു എന്ന ഫ്യൂണറൽ സർവീസ് നടത്തുന്ന ആളായാണ് മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ആശാശരത്ത്, കനിഹ , രേഖ എന്നിവർ അവരുടെ വേഷങ്ങൾ മികച്ചതാക്കി. അരുന്ധതി നാഗ് ആണ് റോസമ്മ ചാക്കോ ആയി വേഷമിടുന്നത്. ജോണി ആന്റണി അവതരിപ്പിച്ച ആന്റോ എന്ന കഥാപാത്രം എടുത്ത് പറയേണ്ടത് തന്നെയാണ്.  ജോണി ആൻ്റണിക്ക് സംവിധാനത്തേക്കാൾ നല്ലത് സിനിമാ അഭിനയമാണ് എന്ന് തോന്നിപോകും. ദിലീഷ് പോത്തനും മികച്ചു നിന്നു

രഞ്ജിത്ത് പറഞ്ഞതുപോലെ വല്യ പ്രതീക്ഷയൊന്നും ഇല്ലാതെ പോയികാണാൻ പറ്റുന്ന ചിത്രമാണ് ഡ്രാമാ, അതുപോലെ ചെറിയ ഒരു സന്ദേശവും ചിത്രം നൽകുന്നുണ്ട്. ഒരു ചെറിയ കഥയെ വളരെ നന്നായി ആവിഷ്കരിക്കാൻ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതി അല്പം ഇഴച്ചിലുണ്ടായെങ്കിലും രണ്ടാംപകുതി ആദ്യപകുതിയേക്കാൾ മികച്ചുനിന്നു.

ചുരുക്കിപ്പറഞ്ഞാൽ ഒരു ചെറിയ മോഹൻലാൽ പടമാണ് ഡ്രാമാ. മുൻവിധികൾ ഇല്ലാതെ ഡ്രാമയ്ക്ക് ടിക്കറ്റെടുക്കാം