കാര്‍ബണ്‍ : റിവ്യൂ

0
247

പാലകാരനായ സിബിയുടെ കഥ പറയുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സിബിയായി ഫഹദ് ഫാസില്‍ വേഷമിട്ടിരിക്കുന്നു. സിബിയുടെ അതിജീവനത്തിനായി നടത്തുന്ന ഒരു യാത്രയിലുടെയാണ് കഥ നീങ്ങുന്നത്‌. പച്ചയായ ജീവിത യാഥാർഥ്യങ്ങളെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിയും സങ്കൽപ ലോകത്തേക്കു കയറിയും ഇറങ്ങിയും സിബി നടത്തുന്ന യാത്ര.

പലതരം തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്ന ആളാണ് സിബി. പച്ചമരതകവും വെള്ളിമൂങ്ങയുമൊക്കെയായി ആൾക്കാരെ പറ്റിച്ച് നടക്കുന്ന സിബിയുടെ വീക്ഷണങ്ങള്‍ വിചിത്രമാണ്. എങ്ങനെയെങ്കിലും ജീവിതത്തില്‍ രക്ഷപെടാന്‍ ശ്രമിക്കുന്ന സിബി ഒരു കാട്ടില്‍ എത്തപ്പെടുന്നു. കൊടുംകാട്ടിലെ എസ്റ്റേറ്റിന്റെ നടത്തിപ്പ് ചുമതല സിബി ഏറ്റെടുക്കുന്നു. ആ കാട്ടില്‍ ഒരു നിഗൂഢ രഹസ്യം ഉണ്ടെന്ന് അയാള്‍ മനസ്സിലാക്കുന്നു. കേട്ടറിവു മാത്രമുള്ള കാടിനുള്ളിലെ രഹസ്യ൦ തേടി പുറപ്പെടുന്നിടത്താണു കഥയുടെ ഗതി മാറുന്നത്.

രണ്ടരമണിക്കൂര്‍ നീളുന്ന ചിത്രത്തില്‍ ഇഴച്ചിലുകള്‍ അനുഭവപ്പെടുന്നു. മനോഹരമായ ഒരു കഥാതന്തുആണ് ചിത്രത്തിന്‍റെത്. എന്നാല്‍ ആവിഷ്കാരത്തിലുണ്ടായ പോരായ്മയാണ് ഈ ഇഴച്ചിലിന് കാരണം.

ക്യാമറ കെ.യു മോഹന്‍, എഡിറ്റിങ്ങ് ബീന പോള്‍. കെ.യു മോഹന്‍റെ ക്യാമറയില്‍ വനത്തിന്‍റെ ദൃശ്യഭംഗി നിറഞ്ഞു നില്‍ക്കുന്നു. ചിത്രത്തി രണ്ടു ഗാനങ്ങളാനുള്ളത്. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് വിശാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

മംമ്ത മോഹൻദാസ്, മണികണ്ഠൻ ആചാരി, വിജയരാഘവൻ, നെടുമുടി വേണു, കൊച്ചുപ്രേമൻ, എന്നിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ. എല്ലാവരും അവരവരുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

കാടിന്‍റെ ഭംഗിയും സിബി തേടിപോകുന്ന രഹസ്യവും സിനിമയുടെ യാത്ര അവസാനിക്കുന്നതുവരെ പ്രേക്ഷകരെ തീയറ്ററില്‍ പിടിച്ചിരുത്തും. സാഹസികതയേയും കാടിനേയും ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വിഷ്വൽ ട്രീറ്റ് ആണ് ചിത്രം. ചിത്രത്തിൽ ഫഹദ് പറയുന്നതുപോലെ  “ലൈഫിൽ കുറച്ച് ഫാന്റസി ഒക്കെ വേണ്ടേ…”
ആ ചിന്താഗതിയൊടെ കാർബൺ  കാണാൻ പോയാൽ “ത്രില്ലടിപ്പിച്ചില്ലേലും ബോറടിപ്പിക്കില്ല” ചിത്രം.

NB : ഒരു സിനിമ എന്നുപറയുന്നത് ഒരുപാട് പേരുടെ ശ്രമഫലമാണ്. അതിനാല്‍ ചിത്രങ്ങള്‍ തീയറ്ററില്‍ പോയികണ്ടു വിജയിപ്പികേണ്ടത് പ്രേക്ഷകര്‍ എന്നനിലയില്‍ നമ്മള്‍ ഒരോരുത്തരുടേം കടമയാണ്.