ഏയ് ഓട്ടോർഷ ; റിവ്യൂ വായിക്കാം

അനുശ്രീ കേന്ദ്രകഥാപാത്രമാകുന്ന സുജിത് വാസുദേവിന്റെ ചിത്രമാണ് ഓട്ടോർഷ. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കഥപറയുന്ന ചിത്രമാണ് ഓട്ടോർഷ. ചെറിയ ബഡ്ജറ്റിൽ ചെറിയ കഥ പറയുന്ന ധാരാളം ചിത്രങ്ങൾ ഇപ്പോൾ മലയാളത്തിൽ ഉണ്ടാകാറുണ്ട് ആ കൂട്ടത്തിലുള്ള ഒരു ചിത്രമാണ് ഇതും.

കണ്ണൂരിലെ ചന്തപ്പുരയിൽ ഓട്ടോ ഓടിക്കുന്ന അനിതയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവളാണ് അനിത, അനിതയുടെ ജീവിതത്തിലൂടെയാണ് കഥയുടെ ആദ്യ പകുതി കടന്നുപോകുന്നത്. രണ്ടാം പകുതിയിൽ ഒരു പ്രതികാരത്തിന്റെ കഥയും പറയുന്നു. ആദ്യപകുതിയിൽ ചെറുതമാശകളും മറ്റുമായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിൽ അല്പം സീരിയസ് ആകുന്നുണ്ട്. അനിതയുടെ ഭൂതകാലവും ലക്ഷ്യവുമാണ് രണ്ടാംപകുതി. സ്ത്രീകേന്ദ്രീകൃത ചിത്രം എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. നായകനോ നായകതുല്യമായ കഥാപാത്രങ്ങളോ ഇല്ലാതെ നായികയിലൂടെ മാത്രമാണ് കഥ പോകുന്നത്. പുതുമ കൊണ്ടും അവതരണ രീതി കൊണ്ടും ചിത്രം ശ്രദ്ധ നേടുന്നു.

അനിത എന്ന കഥാപാത്രത്തിലൂടെ അനുശ്രീ ഒരു മികച്ച നടിയാണെന്നു വീണ്ടും തെളിയിക്കുകയാണ്. തനിക്ക് നൽകുന്ന കഥാപാത്രം തന്റെ കൈയ്യിൽ സുരക്ഷിതമാണെന്ന് അനുശ്രീ ഈ ചിത്രത്തിലൂടെ കാണിച്ചുതരുന്നു. അനുശ്രീയ്ക്കൊപ്പം ധാരാളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ശരത്തിന്റെ സംഗീതസംവിധാനവും മികച്ചുനിൽക്കുന്നു. ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.  ഒരല്പം ലക്ഷ്യം തെറ്റിയോടുന്നുണ്ടെന്നു തോന്നുമെങ്കിലും ആസ്വാദകരമാണ് ഓട്ടോർഷ. ഒരു നല്ല ചെറിയ പടം. ഇത്തരം ചിത്രങ്ങൾ വിജയിപ്പിക്കേണ്ടതുതന്നെയാണ്. കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രംതന്നെയാണ് ഓട്ടോർഷ.

അനുശ്രീ ഓട്ടോ ഓടിക്കാൻ പഠിച്ചത് വെറുതെയായില്ല

3.5/5