ആന അലറലോടലേറൽ : റിവ്യൂ

0
305

പട്ടാഭിഷേകം, ആനച്ചന്ദം, തുടങ്ങിയ സിനിമകൾ പോലെ
ആനയും മനുഷ്യനുമായുള്ള ആത്മബന്ധം പ്രമേയമായ സിനിമകൾ മലയാളിപ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ആ ഗണത്തിലേക്ക് കടന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ.

നന്മ നിറഞ്ഞ വൈകുണ്ഠപുരം ഗ്രാമത്തിലെ ഒരു കുലീന ഹിന്ദുതറവാട്ടിലേക്ക് ശേഖരൻകുട്ടി എന്ന ആന എത്തുന്നു. അതിനോടനുബന്ധിച്ച് ചെയ്യാത്ത ഒരു തെറ്റിന്റെ അപമാനഭാരം പേറി കുട്ടിയായ ഹാഷിമിനും കുടുംബത്തിന് നാട് വിടേണ്ടി വരുന്നു.

പിന്നീട് വർഷങ്ങൾക്ക് ശേഷം സമ്പന്നനായി നാട്ടിൽ തിരിച്ചെത്തിയ ഹാഷിം അതിനോടകം ക്ഷയിച്ചുപോയ തറവാട്ടിൽനിന്നും ശേഖരൻകുട്ടിയെ സ്വന്തമാക്കുന്നു. ആനയെ മതംമാറ്റാൻ ഹാഷിമും കുടുംബവും നടത്തുന്ന ശ്രമങ്ങളും അതിന്റെ പേരിൽ ഗ്രാമം ഇരുചേരിയായി മാറി തമ്മിലടിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. അവസാനം ആന തന്നെ നിർണായകതീരുമാനം എടുക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരത് ബാലന്‍ തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്‍.

മികച്ച രീതിയിൽ അഭിനയിച്ച ശേഖരൻകുട്ടിയായി എത്തുന്ന നന്ദിലത്ത് അർജുനൻ എന്ന ആനയാണ് ശരിക്കും ചിത്രത്തിലെ നായകൻ.
നടൻ ദിലീപ് ആണ് ആനയ്ക്ക് ശബ്ദം നല്‍കിയത്.

വിനീത് ശ്രീനിവാസൻ, അനു സിതാര, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്നസെന്റ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെ വേഷം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. തെസ്നിഖാന്‍റെ അഭിനയം എടുത്ത് പറയേണ്ടതുണ്ട്. വിനീതും തന്റെ വേഷം മോശമാക്കിയില്ല. സുരാജും ഹരീഷ്കണാരനു൦ ചേര്‍ന്ന് കുറേ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്എന്നതൊഴിച്ച് ചിത്രത്തെക്കുറിച്ച് മികച്ചതെന്നു പറയാന്‍ ഒന്നുമില്ല. തിരക്കഥയുടെ പോരായ്മ ചിത്രത്തില്‍ കാണാനുണ്ട്. ധർമജനും ചെറിയൊരു വേഷത്തിൽ ചിരിപ്പിക്കാൻ എത്തുന്നുണ്ട്.

വല്ല്യ പ്രതീക്ഷകളൊന്നും ഇല്ലാതെ പോയി ചിത്രം കാണാം.